നടന്ന് നടന്ന് ക്ഷണിച്ചു. ഈ കടലോരം ചേർന്നുള്ള നടത്തം തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു ദിവസം ആകുന്നതേയുള്ളൂ. ഇനിയും എത്ര ദിവസം, എത്ര മാസങ്ങൾ നടക്കേണ്ടി വരും എന്നറിയില്ല .എന്തായാലും അവളെ കണ്ടെത്തുക തന്നെ ചെയ്യും. തായ്‌ലൻഡ് വരെ എത്തണം. തായ്‌ലൻഡ് ബോർഡർ കഴിഞ്ഞ് സഞ്ചരിക്കേണ്ട റൂട്ട് മാപ്പ് അവൾ അയച്ചുതന്നിരുന്നു.അത് കടലാസിലേക്ക് പകർത്തി കയ്യിൽ വച്ചിരുന്നു. ഇലക്ട്രിസിറ്റി ഇല്ല. അതൊക്കെ നിന്നിട്ട് ദിവസങ്ങളായി. വീണ്ടും കുറച്ചുനാൾ മൊബൈൽ പ്രവർത്തിച്ചത് പവർ ബാങ്ക് ഉപയോഗിച്ചാണ്.
നടക്കുന്ന വഴിക്കെല്ലാം അങ്ങിങ്ങായി ശവങ്ങൾ ആണ്. ശവങ്ങളുടെ രൂക്ഷഗന്ധം. ശവങ്ങൾ തിന്നുന്ന ചില മൃഗങ്ങൾ. ഇനി മുതൽ ഇത് മനുഷ്യരുടെ ലോകമല്ല.മൃഗങ്ങളുടെ ലോകമാണ്. ഭാവിയിൽ ഇനി ഏതെങ്കിലും മൃഗം മനുഷ്യരെപ്പോലെ ലോകം ഭരിക്കാം. മനുഷ്യരായി ഇനി ഈ ലോകത്ത് ഞാനും അവളും മാത്രമേ ഉള്ളൂ. അതും എത്ര നാൾ...? അറിയില്ല.
നിങ്ങൾക്ക് ഇപ്പോൾ തോന്നിയേക്കാം ലോകത്ത് ഞാനും അവളും മാത്രം അല്ലാതെ മറ്റാരും ജീവിച്ചിരിപ്പില്ല എന്ന് എനിക്ക് എങ്ങനെ മനസ്സിലായെന്ന്..! 8 ദിവസങ്ങൾക്കു മുമ്പ് ദൈവം എന്നോട് പറഞ്ഞു. അന്നുതന്നെ അവളുടെ മെസ്സേജ് എനിക്ക് വരികയും ചെയ്തു. മനുഷ്യരുടെയും വംശം നശിക്കാൻ പോകുമ്പോഴൊക്കെ, ദൈവം ഇങ്ങനെ പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യർക്ക് മാത്രമല്ല, ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവികൾക്കും അങ്ങനെ തന്നെ. അപ്പോൾ പരിണാമത്തിൽ ചില ജീവികൾ ഉന്മൂലനം ചെയ്യപ്പെട്ട തോ...? ഉത്തരം എനിക്ക് അറിയില്ല. കാരണം ഞാൻ കേവലം ഒരു മനുഷ്യൻ മാത്രമാണ്.
കുറച്ചുദൂരം കൂടെ നടന്നപ്പോഴാണ് ഇടതു ഭാഗത്ത് ഒരു സൂപ്പർ മാർക്കറ്റ് കണ്ടത്. അവിടെ കേറി നോക്കിയാൽ ചിലപ്പോൾ ഒരു പവർ ബാങ്ക് എങ്കിലും കിട്ടാതിരിക്കില്ല. അങ്ങനെയെങ്കിൽ കുറച്ചുദിവസം മൊബൈൽ പ്രവർത്തിപ്പിക്കാം. തിന്നാനും കുടിക്കാനും കൂടെ വല്ലതും ഉണ്ടാകും. നേരെ സൂപ്പർമാർക്കറ്റ് അടുത്തേക്ക് നടന്നു ,പൂട്ടു പൊട്ടിച്ച് ഷട്ടർ തുറന്ന് അകത്തു കയറി.കയ്യിലുള്ള ബാഗിൽ ചില ചെറിയ പണിയായുധങ്ങൾ ഉണ്ട്. എക്സോ ബ്ലേഡ്, ചുറ്റിക പോലുള്ളവ. അതുകൊണ്ട് പൂട്ടു പൊട്ടിക്കാൻ എളുപ്പമായി. സൂപ്പർമാർക്കറ്റ് അകത്തു വലതു ഭാഗത്തായി ഫ്രിഡ്ജുകൾ ഇരിക്കുന്നു. അതിൽ കൂൾഡ്രിംഗ്സ് സുകൾ വച്ച് ഫ്രിഡ്ജ് തുറന്ന്. ഫ്രിഡ്ജ് നാറി തുടങ്ങിയിരിക്കുന്നു. ഒരു ബോട്ടിൽ വെള്ളം എടുത്തു തുറന്നു കുറച്ചു കുടിച്ചു. അതിനുശേഷം മൊബൈൽ ആക്സസറീസ് സെക്ഷനിലേക്ക് ചെന്നു. പവർ ബാങ്ക് ഉണ്ട്..., ഭാഗ്യം.വേഗത്തിൽ മൊബൈൽ പവർ ബാങ്ക് മായി കണക്ട് ചെയ്തു. ചാർജ് കേറാൻ തുടങ്ങിയതും മൊബൈൽ ഓൺ ആക്കി. പക്ഷേ റേഞ്ച് കിട്ടുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി ഒന്നുകൂടെ ഓണാക്കി നോക്കി. ഇല്ല, ഒരു രക്ഷയുമില്ല. ഇനി റേഞ്ച് കിട്ടിയില്ല ആയിരിക്കും. എല്ലാം നശിച്ച ല്ലോ. എന്തായാലും അവളെ കണ്ടെത്തുക തന്നെ. കുറച്ചു ബിസ്ക്കറ്റ് പാക്കറ്റും ,കുറച്ച് മിനറൽ വാട്ടർ കൂടെ അവിടെ നിന്ന് എടുത്തു പുറത്തിറങ്ങി.
ഒരു ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് കയ്യിൽ വച്ചു . നടന്നുകൊണ്ട് തിന്നാം. ബാക്കിയുള്ളത് ബാഗിൽ ഇട്ടു. വഴിയിൽ കിടക്കുന്ന ഏതെങ്കിലും വാഹനങ്ങൾ എടുത്ത് പൊയ്ക്കൂടേ എന്ന് നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാവും. ലോകത്ത് ഇന്ധനങ്ങൾ ഒക്കെ തീർന്നിട്ട് ദിവസങ്ങളോളം ആയി. അവസാനം എല്ലാവർക്കും ഒരു നെട്ടോട്ടം ആയിരുന്നല്ലോ. അതുമാത്രമല്ല, ഏതെങ്കിലും വാഹനം ഉണ്ടെങ്കിൽ തന്നെ, അതിൻറെ കീ ഇല്ലാതെ എങ്ങനെ സ്റ്റാർട്ട് ചെയ്യും?എല്ലാറ്റിനും കാരണം അനുയോജ്യമായ സാഹചര്യത്തിൽ ജീവിക്കാനും, അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ മരിക്കാനും കഴിവുള്ള, പരിണാമ സിദ്ധാന്തത്തിലെ അജൈവ ഘടകങ്ങളുടെ യു, ജൈവ ഘടകങ്ങളുടെയും ഇടയിലുള്ള കണ്ണി എന്നറിയപ്പെടുന്ന വൈറസിലെ ഒരു കൂട്ടർ. ഞാൻ എന്തുകൊണ്ട് മരിച്ചില്ല,..! എനിക്കറിയില്ല. വെള്ളത്തിൻറെ ബോട്ടിൽ തുറന്നു കുറച്ചു വെള്ളം കൂടെ കുടിച്ചു.നേരം സന്ധ്യ ആകാൻ തുടങ്ങിയിരിക്കുന്നു. ഇനി വിശ്രമിച്ച് നാളെ യാത്ര തുടങ്ങുന്നതായിരിക്കും നല്ലതെന്നു തോന്നി. നല്ല ക്ഷീണമുണ്ട്, കടപ്പുറത്തേക്ക് നടന്നു.
കടപ്പുറത്ത് ചെന്ന് , ബാഗിൽ തലവെച്ച് മലർന്നു കിടന്നു. ക്രിസ്റ്റീനയെ പറ്റിയാണ് ഞാൻ ഓർക്കുന്നത്. അവൾ എൻറെ സുഹൃത്ത് ആയിരുന്ന രശ്മിയുടെ സുഹൃത്താണ് .അവർ രണ്ടുപേരും ഡൽഹിയിൽ JNUവിൽ പഠിക്കുകയായിരുന്നു. ഒരു ക്രിസ്മസ് വെക്കേഷൻ കാലത്താണ് അവൾ ആദ്യമായി എൻറെ നാട്ടിൽ വരുന്നത്. രശ്മി അവളെ എനിക്ക് പരിചയപ്പെടുത്തുമ്പോൾ , ആദ്യനോട്ടത്തിൽ തന്നെ ഞാനും ക്രിസ്റ്റീന യും കണ്ണിലൂടെ എന്തോ കൈമാറി. പിന്നീട് അവർ തിരിച്ചു പോയപോയും , നമ്മൾ തമ്മിൽ മെസ്സേജിലൂടെ ബന്ധപ്പെട്ടു. പരസ്പരം കവിതകളെഴുതി അയച്ചു.പിന്നീട് ജെഎൻയുവിലെ പഠനം കഴിഞ്ഞ് അവൾ തായ്‌ലാൻഡ് ലേക്ക് തിരിച്ചു പോയി. എന്നിട്ടും കവിതകളും വാഗ്വാദങ്ങളും തുടർന്നു. എന്നെ വാൻഗോഗിനെ ഓടും, അവളെ സൂര്യ കാ ന്ധിയോടും, ഉപമിച്ച ഞാൻ എഴുതിയ കവിത മനസ്സിലോർത്തു. അവൾ തിരിച്ച് എനിക്ക് ഒരു കവിത എഴുതി അയച്ചു. അങ്ങനെ അതെല്ലാം ഓർത്തു കിടന്നപ്പോൾ ഉറങ്ങി പോയതറിഞ്ഞില്ല.
രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾ എല്ലാം കടപ്പുറത്ത് തന്നെ നടത്തി. നടത്തം തുടർന്നു. ഇടയ്ക്കിടെ വെള്ളം കുടിച്ചു, ബിസ്ക്കറ്റ് കഴിച്ചു. അങ്ങനെ പോകുമ്പോഴാണ്, കുറച്ചു പട്ടികൾ കുരച്ചുകൊണ്ടു പിന്നാലെ ഓടിയത്. ഞാനും ഓടി. ബാഗും തൂക്കി ഓടുന്നത് ബുദ്ധിയല്ല എന്ന് തോന്നി, അതുകൊണ്ട് ബാഗ് ഊരി എറിഞ്ഞു. ഓടിയോടി ഞാൻ തളർന്നു. ഞാൻ പിറകോട്ട് തിരിഞ്ഞു നോക്കി.പട്ടികളെ എല്ലാം പോയിരിക്കുന്നു. ഞാൻ തളർന്നു പോയിരുന്നു, ഇനി ഒരടി പോലും മുന്നോട്ടു നീങ്ങാൻ കഴിയില്ല. ഞാൻ മുട്ടു കുത്തി വീണു. കടപ്പുറത്തേക്ക് മുട്ടിലിഴഞ്ഞു .ഇഴഞ്ഞു ,ഇഴഞ്ഞു കടലിലേക്ക് ഉരുണ്ടു . ഉപ്പുവെള്ളം വായിലും മൂക്കിലും കേറി, ഞാൻ ശക്തി സംഭരിച്ച് , കൈമുട്ടിലും കാൽമുട്ടിലും കുട്ടി കരയിലേക്ക് തന്നെ വലിഞ്ഞുകയറി. മലർന്നു കിടന്നു. തൊണ്ട വരളുന്നു. ഏതാനും മിഷങ്ങൾ കഴിഞ്ഞു കണ്ണുകൾ അടഞ്ഞു .ഞാനും മരിക്കാൻ പോകുകയാണോ ...?
.നിശബ്ദത, യുഗങ്ങളോളം നീണ്ട നിശബ്ദത പോലെ തോന്നി.
ബോധം വീണപ്പോൾ ഞാൻ ഒരു ഗുഹക്കുള്ളിൽ ആണ്. എൻറെ അടുത്ത് ഒരു സ്ത്രീ പൂർണ നഗ്നയായി കിടക്കുന്നു. ഞാൻ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി. ഞാൻ ഞെട്ടിപ്പോയി, ക്രിസ്റ്റിന ആയിരുന്നു അത് . ഇവളെ തേടി അല്ലേ ഞാൻ തായ്‌ലാൻഡ് ലേക്ക് യാത്രതിരിച്ചത്...! ഞാനെങ്ങനെ ഇവളുടെ അടുത്തെത്തി? അതും ഈ ഗുഹക്കുള്ളിൽ...!!ഞാൻ എവിടെയാണ്...? ഗുഹയ്ക്കു പുറത്തുനിന്ന് ചില ആണുങ്ങളും പെണ്ണുങ്ങളും, എനിക്ക് അറിയാത്ത ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുന്നു. അവരുടെ പൊട്ടിച്ചിരികളും കേൾക്കാം. ഞാൻ അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല..! ഞാൻ എൻറെ കൈകളിലേക്ക് നോക്കി. ഞെട്ടിപ്പോയി, പിഞ്ചു കുഞ്ഞിൻറെ കൈകൾ. കാലുകളും അങ്ങനെതന്നെ.അപ്പൊ ഞാനിപ്പോൾ ഒരു പിഞ്ചുകുഞ്ഞ് ആണെന്നോ...? ഇതെങ്ങനെ സംഭവിച്ചു..? ഞാൻ ഉറക്കെ കരഞ്ഞു. ഞാൻ കരഞ്ഞതും ക്രിസ്റ്റിന എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ചരിഞ്ഞു കിടന്നു. അവൾ എൻറെ മുഖത്ത് തലോടി. എൻറെ കവിളിൽ ഉമ്മ വച്ചു. അവൾ എന്തൊക്കെയോ പറയുന്നു ,എനിക്കൊന്നും മനസ്സിലാകുന്നില്ല. അവൾ എഴുന്നേറ്റിരുന്ന് എന്നെ കൈകളിൽ എടുത്തു മുല തന്നു. നല്ല ദാഹവും വിശപ്പും ഉണ്ടായിരുന്നതിനാൽ ഞാൻ അതു കുടിച്ചു.എല്ലാം ഒരു സ്വപ്നമായി തോന്നുന്നു. ഈ ഗുഹയ്ക്കുള്ളിൽ ഉറങ്ങുമ്പോൾ കണ്ട സ്വപ്നം. കുറച്ചു കാലം കഴിയുമ്പോൾ ഞാൻ ആ സ്വപ്നം മറന്നേക്കാം.
.............................