തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന ഫോണ്‍ കോളിന് ദേവദ്യുതി മറുപടി നല്‍കിയില്ല. ഓരോ തവണ ശബ്ദിക്കുമ്പോളും അവള്‍ ഫോണ്‍ നിശബ്ദമാക്കി തന്‍റെ തലയിണക്കരികില്‍ വച്ചു. വാസ്തവത്തില്‍ അവളും ആ ഫോണിനെ പോലെയായിരുന്നു; കഴിഞ്ഞ കുറച്ചു സമയമായിട്ടെങ്കിലും. ഒരു ഉള്‍വിളി പോലെ തുടരെ തലപൊക്കുന്ന ചിന്തകളെ അവള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ചു. തലയിണക്കരികിലെ ഫോണിനെ പോലെയോ, അല്ലെങ്കില്‍ അവള്‍ വല്ലപ്പോളും കുത്തിക്കുറിക്കുന്ന നോട്ട് പുസ്തകം പോലെയോ, അതുമല്ലെങ്കില്‍ ആ കിടപ്പുമുറിയിലെ മറ്റെന്തിനെ പോലെയും അവള്‍ നിശബ്ദമായി കിടന്നു. അവള്‍ക്കും വസ്തുക്കള്‍ക്കും പുറമെ ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക കഥാപാത്രമായ അവളുടെ അമ്മ ചില ജോലികള്‍ ചെയ്യാനെന്ന പേരില്‍ അവളുടെ മുറിക്കകത്ത് വന്നുപോയിക്കൊണ്ടിരുന്നു. ചിലപ്പോള്‍ കയ്യില്‍ ഒരു ചൂലുമായിട്ട്; അല്ലെങ്കില്‍ ഒരിക്കലും ആ മുറിക്കകത്ത് ഇല്ലാതിരുന്ന എന്തെങ്കിലും തിരയാനെന്ന പേരില്‍ ആ സ്ത്രീ തന്‍റെ മകളുടെ വിചിത്ര പെരുമാറ്റത്തിന്‍റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഏറെക്കുറെ ഒരാഴ്ചയായി ഈ രീതിയിലാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പൊതുവെ ഉല്‍സാഹവതിയായ ഒരു യുവതിയായിരുന്നു ദേവദ്യുതി. ഒരു മാര്‍ക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരിയില്‍ പ്രതീക്ഷിതമായ വാഗ്ചാരുതക്കപ്പുറം അവളുടെ വ്യക്തിത്വത്തില്‍ തന്നെ ഒരു പ്രസന്നത സ്ഫുരിച്ചിരുന്നു. ഒരു പട്ടത്തെ പോലെയോ പൂമ്പാറ്റയെ പോലെയോ എന്നതിലുപരി പട്ടം പറത്തുകയും പൂമ്പാറ്റകള്‍ക്ക് പുറകെ നടക്കുകയും ചെയ്യുന്ന ഒരു കുട്ടിയെപ്പോലെയായിരുന്നു അവള്‍. ജീവിതത്തിലെ അപ്രവചനീയതയെ അവള്‍ എന്നും കൌതുകത്തോടെ സ്വാഗതം ചെയ്തു. അങ്ങനെ എണ്ണമറ്റ അപ്രതീക്ഷിതങ്ങള്‍ക്കിടയില്‍ തന്‍റെ സഹപ്രവര്‍ത്തകനില്‍ നിന്ന് എത്തിയ പ്രണയത്തിന്‍റെ കൌതുകമാണ് അവളെ ഇപ്പോള്‍ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വാസ്തവത്തില്‍ പ്രണയത്തില്‍ നിന്നല്ല അവള്‍ വേദന ഏറ്റുവാങ്ങുന്നത്. എന്തെന്നാല്‍ പ്രണയത്തില്‍ നിന്നുള്ള വേദന പോലും ആസ്വാദ്യകരമാണ്. ദു:ഖഭാവത്തിലുള്ള ഗാനങ്ങള്‍ പ്രിയപ്പെട്ടതാകുന്നത് പോലെ നഷ്ടപ്രണയവും ഹൃദ്യമായ അനുഭവമാണ്. എന്നാല്‍ ഇവിടെ നഷ്ടത്തിലല്ല; മറിച്ച് തനിക്ക് താല്‍പര്യം നഷ്ടപ്പെട്ട; തനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പ്രണയമെന്ന് വിളിക്കുന്ന ആ ബന്ധത്തിന്‍റെ തുടര്‍ച്ചക്കായുള്ള അയാളുടെ നിര്‍ബന്ധമാണ് അവളെ വേദനിപ്പിക്കുന്നത്.
വിവാഹ മോചനത്തിന് തന്നെ ആവശ്യത്തിലേറെ കടമ്പകളുള്ളതും, സദാചാരത്തിനോ നാട്ടുനടപ്പിനോ അംഗീകരിക്കാവുന്ന കാരണങ്ങള്‍ തന്നെ ബോധിപ്പിക്കേണ്ടി വരുന്നതും, ബന്ധുമിത്രാതികളുടെ ഉപദേശങ്ങള്‍ക്ക് പുറമെ നീതിപീഠത്തിന്‍റെ അമ്മാവനായ കൌണ്‍സിലറുടെ ഉപദേശങ്ങള്‍ അതിജീവിക്കുകയും വേണ്ടിവരുന്ന ഒരു സമൂഹത്തില്‍ പ്രണയമോചനവും സങ്കീര്‍ണമായതില്‍ അല്‍ഭുതപ്പെടാനില്ലല്ലോ! ചിന്തകളില്‍ മുഴുകിയിരിക്കവെ ഒരിക്കല്‍ കൂടി അവളുടെ ഫോണ്‍ ശബ്ദിച്ചു. അയാള്‍ അല്ല; അവളുടെ സുഹൃത്താണ്, മൃണാളിനി. ഇപ്പോള്‍ മാത്രമാണ് ഇന്ന് അവളെ കാണാം എന്ന് പറഞ്ഞിരുന്നതും കുറച്ച് സംസാരിക്കാനുണ്ടെന്ന് അവളെ അറിയിച്ചിരുന്നതും അവള്‍ ഓര്‍ത്തത്. “ഞാന്‍ വരാം, അതെ, കഫേയില്‍ തന്നെ, ഹാ!” അത്രമാത്രം ഫോണില്‍ പറഞ്ഞുകൊണ്ട് അവള്‍ എഴുന്നേറ്റു.
ദേവദ്യുതിയെ കാത്ത് അവളുടെ സുഹൃത്ത് നേരത്തെ തന്നെ കഫേയില്‍ എത്തിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ എത്രമാത്രം ഗൌരവമാണെന്ന് അവള്‍ ആകുലപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ദേവദ്യുതി എത്തിയപ്പോള്‍ ആശ്വാസവാക്കുകള്‍ക്ക് പകരം തന്‍റെ ചോദ്യശേഖരമാണ് അവള്‍ തുറന്നുവിട്ടത്. “എന്താണ് പ്രശ്നം? ഓവര്‍ പോസസീവ്? അതോ അതിലൈംഗികതയോ? ഇതൊക്കെയാണല്ലോ ആണുങ്ങളുടെ പ്രധാന പ്രശ്നം.” തന്‍റെ പുരുഷ വിദ്വേഷം പ്രകടമാക്കിക്കൊണ്ട് തന്നെ മൃണാളിനി ചോദിച്ചു.
‘അങ്ങനെയൊന്നും അല്ല മൃണാളിനി,” ദേവദ്യുതി തന്‍റെ പതിഞ്ഞ സ്വരത്തില്‍ പറയാനാരംഭിച്ചു. “ഒറ്റവാക്കില്‍ പറഞ്ഞാല്‍ അയാള്‍ എനിക്ക് ചേരുന്നവനല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇഷ്ടം പിടിച്ചുപറ്റുന്നതിനോ നേടിയെടുക്കുന്നതിനോ ആദ്യകാലങ്ങളില്‍ പെരുമാറുന്നത് പോലെയല്ല തുടര്‍ന്നുള്ള ദിവസങ്ങളില്‍. അയാള്‍ പ്രണയത്തെ കാണുന്നത് ഒരു തിരക്കഥ പോലെയാണ്. ഒരുപക്ഷേ ജീവിതത്തെ തന്നെയും. കമിതാക്കള്‍ ആ കഥയിലെ അഭിനേതാക്കള്‍ മാത്രമാണെന്നാണ് അയാള്‍ കരുതുന്നത്. ഒരുപക്ഷേ അയാളെ സംബന്ധിച്ച് അച്ഛന്‍, സഹോദരന്‍ അങ്ങനെയെല്ലാം നാട്ടുനടപ്പിന്‍റെ വേഷങ്ങള്‍ ആയിരിക്കാം. സങ്കല്‍പ്പങ്ങള്‍ ജീവിച്ച് തീര്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. ഇത്ര നേരം സംസാരിക്കണം, ബീച്ച്, പാര്‍ക്ക് തുടങ്ങി ഇന്ന സ്ഥലങ്ങളില്‍ പോകണം, ഇന്നിന്ന കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ അങ്ങനെ ആ പട്ടിക നീളുന്നു. അതിലേറെ എന്നെ പിന്തിരിപ്പിക്കുന്നത് വിവാഹജീവിതത്തെ കുറിച്ചും അയാള്‍ക്ക് ഇത്തരം മുന്‍വിധികള്‍ ഉണ്ടെന്നതാണ്. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യവെ കണ്ടുമുട്ടിയവരാണ്. എന്നിട്ടും അയാള്‍ പറയുന്നത് വിവാഹശേഷം ഭാര്യ ജോലി ചെയ്യേണ്ടതില്ലെന്നും ആദ്യ വര്‍ഷത്തില്‍ തന്നെ അമ്മയാകണമെന്നുമെല്ലാമാണ്. ഒടുവില്‍ ഞാന്‍ തീര്‍ത്തു പറഞ്ഞു; അവസാനിപ്പിക്കാം എന്ന്. അയാള്‍ ഇപ്പോളും ഫോണ്‍ വിളിച്ചും മെസ്സേജ് അയച്ചും സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഇപ്പോള്‍ പിന്‍മാറിയാല്‍ ഞങ്ങളുടെ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കും എന്ന ഭീഷണിയും. അവസാനം ഞാന്‍ പറഞ്ഞു എന്തു ചെയ്താലും എനിക്ക് ഒന്നുമില്ലാന്ന്.” തന്‍റെ മുന്നിലിരിക്കുന്ന കാപ്പി എടുത്ത് കുടിച്ചുകൊണ്ട് അവള്‍ പറഞ്ഞു നിര്‍ത്തി.
“ഇനി അയാള്‍ ശല്യം ചെയ്താല്‍ എന്തായാലും പോലീസില്‍ പരാതി കൊടുക്കണം. ഇതിപ്പോ ആസിഡിലേക്കാണോ എന്തിലേക്കാണോ പോവുകയെന്ന് പറയാന്‍ പറ്റാത്ത കാലമാണ്.” ഒരു നെടുവീര്‍പ്പോടു കൂടി മൃണാളിനി തുടര്‍ന്നു, “എന്നാലും നീ എന്തു ഭാവിച്ചാണ് ചിത്രങ്ങള്‍ ഒക്കെ പങ്കുവച്ചത്? അയാളെ അതിരുവിട്ട് വിശ്വസിച്ചിട്ടാണ് നിനക്ക് ഈ അവസ്ഥയായത്. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിച്ചുകൂടാ, നീ അതൊക്കെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.”
“പക്ഷേ,” തന്‍റെ ലോകം മുഴുവന്‍ കണ്‍മുന്നില്‍ തകര്‍ന്നു വീഴുന്നത് കാണുന്ന ഒരുവളെപ്പോലെ ദേവദ്യുതി പറഞ്ഞു. “പക്ഷേ, നമ്മള്‍ രണ്ടുപേരും പോലും ഒരിക്കല്‍ അപരിചിതര്‍ ആയിരുന്നില്ലേ? അരുതെന്ന് നീ പറയുന്ന വിശ്വാസത്തിലൂടെയല്ലേ നമ്മള്‍ ഇപ്പോള്‍ ആത്മസുഹൃത്തുക്കള്‍ ആയത്? ജാഗ്രത നല്ലതായിരിക്കാം, പക്ഷേ ഈ ജാഗ്രതയിലൂടെ നമ്മള്‍ക്ക് എന്താണ് നഷ്ടപ്പെടുന്നത്? മനസ്സ് തുറന്ന് ചിരിക്കാന്‍ കഴിയാത്തവരായി സംശയത്തോടെ ജീവിച്ച് നമ്മള്‍ക്ക് എന്താണ് നേടാനുള്ളത്? ഒരാള്‍ മറ്റൊരാളെ പൂര്‍ണമായി വിശ്വസിക്കുമ്പോളാണ് നമ്മള്‍ പൂര്‍ണ സ്വാതന്ത്ര്യം അറിയുന്നത്. ഒരു കുട്ടിയെ വായുവിലേക്ക് ഉയര്‍ത്തുമ്പോള്‍ അത് ചിരിക്കുന്നത് കണ്ടിട്ടില്ലേ? വീഴ്ചയെ കുറിച്ച് അത് ഭയപ്പെടുന്നില്ല. പക്ഷേ നമ്മളോ? മറ്റൊരാളുടെ അരികിലേക്ക് ഭയത്തോടെയല്ലാതെ സമീപിക്കാന്‍ പറ്റാത്തവരായി മാറിയിരിക്കുന്നു.”
“നീ ഈ ലോകത്തില്‍ ഒന്നുമല്ലെ ജീവിക്കുന്നത്?” തലയില്‍ കൈ വച്ചുകൊണ്ടാണ് മൃണാളിനി ഇടപെട്ടത്. “നിന്‍റെ കഥാപ്രസംഗം ഒക്കെ കൊള്ളാം, പക്ഷേ നീ ഈ പറയുന്ന സാഹിത്യം പോലെയൊന്നുമല്ല ജീവിതം. നീ വാര്‍ത്തകള്‍ ഒന്നും കാണാറില്ലേ? പ്രണയം നടിച്ചും, പ്രലോഭിപ്പിച്ചും, എന്തെല്ലാം വാര്‍ത്തകളാണ്. അനുഭവം ഗുരുവാണ്. അത് പക്ഷേ വാര്‍ത്തയില്‍ ഒക്കെ കാണുന്ന മറ്റുള്ളവരുടെ അനുഭവങ്ങള്‍ ആകുന്നതാണ് നല്ലത്. സ്വന്തം അനുഭവം കൊണ്ട് പഠിക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ല.”
“ശരിയാണ്.” ദുഖത്തേക്കാളേറെ നിരാശയോടെ ദേവദ്യുതി പറഞ്ഞു. “നീ പറയുന്നതു എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ എനിക്ക് മനസ്സിലാവാത്തത് അതല്ല. നീ ഇപ്പോള്‍ വാര്‍ത്തകളെ കുറിച്ച് പറഞ്ഞല്ലോ. പക്ഷേ വാര്‍ത്തകള്‍ തന്നെ നിരവധി തരത്തിലാണ്. മക്കളെ കൊല്ലുകയോ, ഉപേക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്യുന്ന അമ്മമാരെയും, പറയാനാവാത്ത വിധം പെരുമാറുന്ന അച്ഛന്‍മാരെയും കൂടി നമ്മള്‍ വാര്‍ത്തകളില്‍ കാണുന്നുണ്ട്. എന്നുകരുതി മാതാപിതാക്കളെ കൂടി നമ്മള്‍ സംശയത്തോടെ നോക്കിക്കാണാന്‍ തുടങ്ങിയാല്‍ ഈ ലോകത്ത് എവിടെയാണ് പിന്നെ സ്നേഹം അവശേഷിക്കുക?”
“സ്നേഹം!” ഒരു നിമിഷം പുച്ഛിച്ച് നിര്‍ത്തിയ ശേഷം മൃണാളിനി തുടര്‍ന്നു. നിനക്ക് ഉരഗങ്ങളുടെ കഥ അറിയുമോ? ഉരഗങ്ങളുടെ സല്ലാപത്തിന്‍റെ കഥ. ഉരഗങ്ങള്‍ ബുദ്ധിവികാസം കുറഞ്ഞവയാണ്. അത് സ്വന്തം വര്‍ഗത്തെ ഭക്ഷിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഒരു പെണ്‍ പാമ്പ് ആണ്‍ പാമ്പിനെ സമീപിക്കുമ്പോള്‍ താന്‍ ഇണ ചേരുവാനാണോ അതോ ഭക്ഷിക്കപ്പെടുവാനാണോ എന്ന സംശയത്തോടെയാണ് പോകുക. എത്ര സൂക്ഷിച്ചാലും ഭക്ഷിക്കപ്പെടുന്ന പെണ്‍ പാമ്പുകള്‍ അനവധിയാണ്. ഇത് ബുദ്ധിവികാസമില്ലാത്ത ഉരഗങ്ങളുടെ കഥയാണെങ്കില്‍ ദശാലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ബുദ്ധിവികാസം നേടിയ മനുഷ്യസ്ത്രീയുടെ കഥയും വിഭിന്നമല്ല. ഒരു പെണ്‍ പാമ്പിന്‍റെ മനോവ്യഥ ഓരോ മനുഷ്യസ്ത്രീയും ഈ നൂറ്റാണ്ടിലും അനുഭവിക്കുന്നുണ്ട്.”
ഈ ഉപമ ദേവദ്യുതിയെ മാത്രമല്ല, അത് പറഞ്ഞ മൃണാളിനിയെ കൂടി സ്തബ്ധയാക്കി. നിശബ്ദരായിരിക്കുന്ന അവരുടെ അരികിലേക്ക് കാപ്പി കപ്പ് എടുക്കുന്നതിനായി വെയിറ്റര്‍ എത്തി. ഗ്ലാസ്സ് എടുത്തു കൊണ്ട് അയാള്‍ പോകുന്നത് നോക്കി അവര്‍ ഇരുന്നു. അയാള്‍ നടക്കുകയല്ല, ഇഴയുകയാണെന്ന് അവള്‍ക്ക് തോന്നി.